Kerala
കോതമംഗലം: ജീവ മിൽക്ക് യുവതലമുറയ്ക്കും തൊഴിലന്വേഷകർക്കും ഏറെ പ്രചോദനമേകുന്നതാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കോതമംഗലം രൂപതയുടെ ക്ഷീരകർഷക ക്ഷേമപ്രസ്ഥാനമായ ജീവ മിൽക്കിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകർഷകർക്കും പൊതുസമൂഹത്തിനും പ്രസ്ഥാനം നൽകുന്ന സേവനങ്ങൾ അഭിമാനകരമാണ്. ഇനിയും കൂടുതൽ കർഷകർക്കു വഴികാട്ടിയായി കോതമംഗലം രൂപതയുടെ ജീവ മിൽക്ക് മാറട്ടേയെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
ചടങ്ങിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ജീവ സൊസൈറ്റികളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസെന്റ് നെടുങ്ങാട്ട് എന്നിവർ ആദരിച്ചു. ജീവ സ്റ്റാഫിനുള്ള എട്ടാമത് ഭവനനിർമാണ പദ്ധതിയുടെ സഹായ വിതരണോദ്ഘാടനം ഫാ. മാത്യു കോണിക്കൽ നിർവഹിച്ചു.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് മെംബർ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എം. സിദ്ദിഖ് , വാർഡ് മെംബർ സുനി അയ്യപ്പൻ, ജീവ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് മൂർക്കാട്ടിൽ, ജനറൽ മാനേജർ സിബി ജോർജ്, മുൻ ഡയറക്ടർമാരായ ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ജേക്കബ് തലാപ്പിള്ളിൽ, മാങ്കുളം പഞ്ചായത്ത് മെംബർ എം.ജെ. റോയി, ആർട്ടിസ്റ്റ് ബേസിൽ ബെന്നി എന്നിവർ പ്രസംഗിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന ജീവ കുടുംബസംഗമം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് മൂർക്കാട്ടിൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ എന്നിവർ പ്രസംഗിക്കും.
Kerala
കൊച്ചി: വിശ്വാസത്തിൽ ഉറച്ചതും ഐക്യബോധത്തിൽ ശക്തമായതുമായ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശ മാറ്റാൻ കഴിയുമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സമുദായ ശക്തീകരണവർഷം 2026ന്റെ സഭാതല ഉദ്ഘടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ വിശ്വാസാനുഭവങ്ങളിൽ മാത്രം തൃപ്തിയടയാതെ, വിശ്വാസ ബോധ്യങ്ങളെ സമൂഹനന്മയ്ക്കായി പ്രവർത്തനസജ്ജമാക്കുമ്പോഴാണ് സമുദായം ചരിത്രത്തെ സ്വാധീനിക്കുന്ന ശക്തിയായി മാറുന്നത്. രൂപതകൾ, സമർപ്പിത സമൂഹങ്ങൾ, കുടുംബങ്ങൾ, യുവജനങ്ങൾ, വിദ്യാഭ്യാസ- സാമൂഹിക സ്ഥാപനങ്ങൾ ഇവയെല്ലാം ഒരേ ലക്ഷ്യത്തോടെ വളർത്തിയെടുക്കുന്ന ഐക്യബോധമാണ് നമ്മുടെ യഥാർഥ ശക്തി. അത്തരമൊരു കൂട്ടായ്മയിൽ നവീകരിക്കപ്പെടുമ്പോൾ മാത്രമാണ് ക്രൈസ്തവ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശയെ സുവിശേഷമൂല്യങ്ങളുടെ പ്രകാശത്തിൽ രൂപാന്തരപ്പെടുത്താനാകുകയെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കൺവീനർ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സിനഡ് സെക്രട്ടറി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, വിവിധ മെത്രാന്മാർ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ, വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. പോൾ പുതുവ, എസ്എബിഎസ് സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ റോസിലി ജോസ് ഒഴുകയിൽ, സീറോമലബാർ മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി, എസ്എംവൈഎം പ്രസിഡന്റ് അഡ്വ. സാം സണ്ണി, സഭാ കാര്യാലയത്തിലെ വൈദികർ, സന്യസ്തർ എന്നിവർ പ്രസംഗിച്ചു.
34-ാം സിനഡിന്റെ ഒന്നാം സമ്മേളനത്തിനു പ്രാരംഭമായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സഭയുടെ വിവിധ തലങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
Kerala
കൊച്ചി: കൊച്ചി ബിനാലെയുടെ പേരിൽ മട്ടാഞ്ചേരി ബസാർ റോഡിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു കലാസൃഷ്ടിയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധമായ അടയാളങ്ങളിലൊന്നായ ‘അന്ത്യ അത്താഴം’ അപമാനകരമായും വികലമായും അവതരിപ്പിച്ചിരിക്കുന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സീറോമലബാർ സഭ പിആർഒ റവ.ഡോ. ടോം ഓലിക്കരോട്ട്.
കോടിക്കണക്കിനു വിശ്വാസികൾ ആത്മീയ പ്രചോദനത്തിന്റെ പ്രതീകമായി കരുതുന്ന അന്ത്യ അത്താഴ രംഗത്തെ അവഹേളിക്കുന്ന രീതിയിൽ അവതരിപ്പിച്ചത്, മതവിശ്വാസങ്ങളോടുള്ള അടിസ്ഥാന ബഹുമാനം ലംഘിക്കുന്ന നടപടിയാണെന്ന് സഭ വിലയിരുത്തുന്നു. 2016 ഡിസംബറിൽ ഒരു മാസികയിൽ പ്രസി ദ്ധീകരിച്ചതും വിശ്വാസികളുടെ എതിർപ്പിനെത്തുടർന്ന് പിൻവലിച്ചതുമായ ഈ ചിത്രം വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത് ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കാൻ കരുതിക്കൂട്ടി ചെയ്ത ദുരുദ്ദേശ്യപരമായ പ്രവൃത്തിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കലാസ്വാതന്ത്ര്യം ഒരു ജനാധിപത്യസമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്ന കാര്യത്തിൽ സഭയ്ക്കു സംശയമില്ല. എന്നാൽ മതവിശ്വാസങ്ങളെ പരിഹസിക്കുന്നതും വിശുദ്ധ പ്രതീകങ്ങളെ വികലമാക്കി ചിത്രീകരിച്ച് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ അവതരണങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടാൻ കഴിയില്ല. അഭിപ്രായസ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെയും പരസ്പര ബഹുമാനത്തോടെയും വിനിയോഗിക്കപ്പെടേണ്ടതാണെന്നത് ബഹുസ്വര സമൂഹത്തിന്റെ അടിസ്ഥാനതത്വമാണ്.
ഈ സംഭവത്തിലൂടെ ക്രൈസ്തവ സമൂഹം ആഴത്തിൽ വേദനിക്കപ്പെട്ടിരിക്കുന്നുവെന്ന യാഥാർഥ്യം ബന്ധപ്പെട്ട അധികാരികൾ ഗൗരവത്തോടെ കണക്കിലെടുക്കണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെടുന്നു. ആരോഗ്യകരമായ സാംസ്കാരിക സംവാദത്തിന്റെയും കലാ ആവിഷ്കാരങ്ങളുടെയും വേദിയായിരിക്കേണ്ട നമ്മുടെ സാംസ്കാരിക ഇടങ്ങൾ, ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമാക്കിയുള്ള അവഹേളനത്തിന്റെയും വിഭജനത്തിന്റെയും വേദിയാക്കി മാറ്റുന്നത് ഉചിതമല്ല. ഈ വിഷയത്തിൽ നീതിയുക്തവും ഉത്തരവാദിത്വപരവുമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുമെന്ന് സഭ പ്രതീക്ഷിക്കുന്നതായും റവ.ഡോ. ടോം ഓലിക്കരോട്ട് പറഞ്ഞു.
Kerala
കാക്കനാട്: ക്രിസ്മസിന്റെ ഗൗരവമുള്ള വിചാരങ്ങളിൽ ദൈവത്തിന് ഇടം നൽകുന്നതു മാത്രമല്ല, മനുഷ്യർക്കു വാതിലുകൾ തുറക്കുന്നതും ഉൾക്കൊള്ളപ്പെട്ടിരിക്കുന്നുവെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തന്റെ ക്രിസ്മസ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ദൈവത്തിനും മനുഷ്യർക്കും നമ്മുടെ പരിസരങ്ങളിൽ ഇടം ഒരുക്കിക്കൊണ്ടും സംഭാഷണത്തിന്റെ സംസ്കാരം വളർത്തിയെടുത്തുകൊണ്ടുമാണ് ഇതു യാഥാർഥ്യമാക്കാൻ കഴിയുന്നതെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.
ക്രിസ്മസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതു മാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണ്. ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നത്, ഇടം ഒരുക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ആത്മീയതയാണ്.
ദൈവവചനം തന്റെയു ള്ളിൽ വസിക്കാൻ പരിശുദ്ധ മറിയം ഹൃദയത്തിന്റെ മുഴുവൻ ഇടവും തുറന്നുകൊടുത്തു. ദൈവത്തിന്റെ പദ്ധതിക്ക് വഴങ്ങിക്കൊണ്ട് യൗസേപ്പ് തന്റെ ജീവിതം സമർപ്പിച്ചു. ഇടയരും ജ്ഞാനികളും, തങ്ങളുടേതായ സൗകര്യങ്ങളും സുരക്ഷിതത്വങ്ങളും വിട്ട്, ദിവ്യശിശുവിനെ സ്വീകരിക്കാൻ സന്നദ്ധരായി. ദൈവത്തിനും സഹജീവികൾക്കും സ്ഥലം ഒരുക്കാതെ ക്രിസ്മസ് പൂർണമാകുന്നില്ലെന്ന് ഈ ജീവിത മാതൃകകൾ നമ്മെ ഓർമിപ്പിക്കുന്നു.
ദൈവത്തിന് ഇടംകിട്ടാതെ പോയ സത്രങ്ങൾ വർത്തമാനകാലത്തിലും അടഞ്ഞുകിടക്കുന്നുണ്ട്. ദൈവത്തിനും സ്വാധീനമില്ലാത്ത മനുഷ്യർക്കും ഇടം ലഭിക്കാതെപോകുന്ന പരിതോവസ്ഥകളുടെ പ്രതീകമാണത്. ഇന്നും ദൈവം മനുഷ്യഹൃദയങ്ങളിൽ, കുടുംബങ്ങളിൽ, സാമൂഹിക സംവിധാനങ്ങളിൽ ഒരു ഇടം തേടിക്കൊണ്ടിരിക്കുന്നു. പക്ഷേ, തിരക്കേറിയ ജീവിതക്രമവും സ്വാർഥത നിറഞ്ഞ കാഴ്ചപ്പാടും കൊണ്ടുനടക്കുന്ന മനുഷ്യൻ ദൈവത്തിന്റെ സന്ദർശനത്തിനും സാന്നിധ്യത്തിനും വില കല്പിക്കുന്നില്ല എന്നതാണ് സത്യം.
ദൈവത്തിനായി സമയം കണ്ടെത്താൻ കഴിയാത്ത ജീവിതം, ആന്തരികമായി ശൂന്യമാകാൻ തുടങ്ങുന്നു. ദൈവത്തിന് ഇടം നിഷേധിക്കപ്പെടുമ്പോൾ, കുടുംബജീവിതം ദുർബലമാകുന്നു. ബന്ധങ്ങൾ ഉപഭോഗവസ്തുക്കളായി മാറുന്നു.ക്ഷമയും സഹിഷ്ണുതയും സഹനവും പരസ്പര ബഹുമാനവുംപോലുള്ള മൂല്യങ്ങൾ സമൂഹത്തിൽ അപ്രസക്തമാകുന്നു.
സാമൂഹിക തലത്തിൽ ഇത് വിഭജനത്തിനും ധ്രുവീകരണങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവയ്ക്കുന്നു. ഇന്നത്തെ ലോകം അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ആത്മഹത്യകളും യുദ്ധങ്ങളും സാമൂഹിക അസ്ഥിരതകളും ഈ ആത്മീയ ശൂന്യതയുടെ ഭയാനകമായ ഫലങ്ങളാണ്. ഇന്ന് രാജ്യങ്ങളും സമൂഹങ്ങളും നേരിടുന്ന വലിയൊരു വെല്ലുവിളിയും ഒപ്പം സാധ്യതയുമാണ് കുടിയേറ്റം.
യൗസേപ്പിനെയും മറിയത്തെയുംപോലെ കുടിയേറ്റത്തിനു വിധിക്കപ്പെടുന്നവർ നിസഹായരും അപമാനിതരുമായി അടഞ്ഞ വാതിലുകളുടെ മുൻപിൽ ഇന്നും നിൽക്കുന്നുണ്ട്. അവർ തീർച്ചയായും മാനിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടണം. അതേസമയം, കുടിയേറ്റം സൃഷ്ടിക്കുന്ന വെല്ലുവിളികളും അവഗണിക്കാനാവില്ല. സ്വാഗതം ലഭിച്ച സ്ഥലങ്ങളിൽ ചിലപ്പോൾ കുടിയേറ്റക്കാർ സാംസ്കാരിക സംഘർഷങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാകുന്ന അനുഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നാം കാണുന്നു. ഇവിടെ ദ്വിമുഖമായ ഉത്തരവാദിത്വമാണ് നമുക്കുള്ളത്: സ്വീകരിക്കുന്ന സമൂഹം മനുഷ്യത്വത്തോടെ വാതിലുകൾ തുറക്കണം; അതേസമയം കുടിയേറ്റക്കാർ അവർ എത്തിച്ചേരുന്ന സമൂഹത്തിന്റെ നിയമങ്ങളും സംസ്കാരവും മൂല്യങ്ങളും ആദരിക്കാനും പഠിക്കണം.
തിരുക്കുടുംബത്തിന്റെ മാതൃക
ഈ സന്ദർഭത്തിൽ തിരുക്കുടുംബത്തിന്റെ ജീവിതം നമ്മുടെ മുന്നിൽ ഒരു ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു. ഹെറോദേസിന്റെ ഭീഷണിയിൽനിന്നു രക്ഷപ്പെടാൻ യൗസേപ്പും മറിയവും ഉണ്ണിയേശുവിനെയും കൂട്ടി ഈജിപ്തിൽ അഭയംതേടിയത് ചരിത്രത്തിലെ ആദ്യ കുടിയേറ്റകഥകളിലൊന്നാണ്. അവർ അന്യദേശത്തായിരുന്നു; എന്നാൽ അവർ ആ നാടിന്റെ സംസ്കാരത്തെയും സാഹചര്യങ്ങളെയും ആദരിച്ചു ജീവിച്ചു. അധികാരം തേടിയോ കലാപം സൃഷ്ടിച്ചോ അല്ല, സഹിഷ്ണുതയോടും വിനയത്തോടെയും കൂടെ അവിടെ അവർ അധ്വാനിച്ചു ജീവിച്ചു. അതുവഴി, കുടിയേറ്റം എങ്ങനെ മാനുഷികവും സമാധാനപരവുമായ അനുഭവമായി മാറാമെന്നതിന് തിരുക്കു ടുംബം ലോകത്തിനു മാതൃകയായി.
സംഭാഷണം സമൃദ്ധമാകട്ടെ
ക്രിസ്മസ് സംഭാഷണത്തിനുള്ള ഒരു സമയമാണെന്നു മംഗളവാര്ത്തയുടെ ഓര്മപ്പെടുത്തലുണ്ട്. പരിശുദ്ധ മറിയവും ഗബ്രിയേൽ മാലാഖയും തമ്മിലുള്ള സംഭാഷണം മറിയത്തിന്റെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റപ്പെടാൻ ഉപയുക്തമാകുകയും, അത് ലോകത്തിനുതന്നെ രക്ഷാകരമായിമാറുകയും ചെയ്തു.
സംഭാഷണങ്ങളില് നാം സ്വീകരിക്കേണ്ട നിലപാട് വിനയത്തിന്റെയും തുറവിയുടേതുമാണ്. ജീവിതവ്യഗ്രതയാല് കുടുംബാംഗങ്ങള് വരെ പരസ്പരം സംസാരിക്കാനോ പങ്കുവയ്ക്കാനോ സമയം കണ്ടെത്താത്ത ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സംഭാഷണത്തിന്റെ, പങ്കുവയ്ക്കലിന്റെ ഒരു പുതിയ ശൈലി നമുക്കു രൂപപ്പെടുത്താം.
നമ്മുടെ സംഭാഷണങ്ങള് പുതിയ സാധ്യതകള് തേടുന്നതാകട്ടെ. ഇന്നലെ വരെ കാണാതിരുന്ന അല്ലെങ്കില് മനസിലാക്കാതിരുന്ന സമന്വയത്തിന്റെ സാധ്യതകളെ സംഭാഷണങ്ങളിലൂടെ സ്വായത്തമാക്കാം. സമരങ്ങളിലും കലഹങ്ങളിലുമല്ല, സംഭാഷങ്ങളിലാണ് പരിഹാരങ്ങള് കണ്ടെത്താനാകുന്നത്.
ദൈവം മനുഷ്യനായി പിറന്നതിന്റെ അനശ്വരമായ ഈ ഓർമയാചരണം, മനുഷ്യൻ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി മാറാനുള്ള പ്രചോദനമാകട്ടെ. ലാളിത്യവും കാരുണ്യവും കരുതലും ദൈവഹിതമറിഞ്ഞുള്ള പ്രയാണവുമെല്ലാം ഓര്മപ്പെടുത്തുന്ന കാലിത്തൊഴുത്തിന്റെ പാഠങ്ങളില് കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ നമുക്കു സാധിക്കട്ടെ. അങ്ങനെ, ഇടങ്ങള് തേടുന്നവരിലേക്കുള്ള തീര്ഥാടനമാകട്ടെ ഈ ക്രിസ്മസ്.
എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നവെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
International
ലണ്ടൻ: ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലെ ഓഫീസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ സീറോമലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അതിഥിയായി പങ്കെടുത്തു. സ്റ്റാർമറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
രാജ്യത്തെ സഭാനേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുംകൂടിയാണ് പ്രധാനമന്ത്രി ക്രിസ്മസ് ആഘോഷപരിപാടി സംഘടിപ്പിച്ചത്.
ബ്രിട്ടനിലെ സീറോമലബാർ സമൂഹത്തിന്റെ വർധിച്ചുവരുന്ന സാന്നിധ്യത്തെയും വളർച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച. ആഘോഷപരിപാടിയിൽ ആഷ്ഫോർഡിലെ മലയാളി പാർലമെന്റംഗം സോജൻ ജോസഫും ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.
Leader Page
വിശ്വാസപ്രബോധനങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ "വിശ്വാസികളുടെ സമൂഹത്തിന്റെ മാതാവ് ’എന്ന പ്രബോധനരേഖ സംബന്ധിച്ച് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലർ.
പരിശുദ്ധപിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച "വിശ്വാസികളുടെ സമൂഹത്തിന്റെ മാതാവ് ’ (Mater Populi fidelis) എന്ന പ്രബോധനംവഴി പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷക (Co-redemptrix) എന്നു വിശേഷിപ്പിക്കുന്നതു ദൈവശാസ്ത്രപരമായി ഉചിതമല്ല എന്നും "കൃപാവരത്തിന്റെ മാതാവ് ’ എന്നും "മധ്യസ്ഥ’ എന്നുമുള്ള വിശേഷണങ്ങൾ വിവേകപൂർവം ഉപയോഗിക്കണം എന്നും പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. കത്തോലിക്കാസഭ മാതാവിനു നല്കിയിരുന്ന ബഹുമാനത്തിൽനിന്നു പിന്നോട്ടു പോവുകയാണെന്നും പ്രൊട്ടസ്റ്റന്റ് ആശയങ്ങൾ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചർച്ചകളും വ്യാഖ്യാനങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ.
എന്നാൽ, പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമായി നാം മനസിലാക്കേണ്ടതുണ്ട്. പരിശുദ്ധ അമ്മയെക്കുറിച്ചു നാലു വിശ്വാസസത്യങ്ങളാണ് തിരുസഭ ആധികാരികമായി പഠിപ്പിക്കുന്നത്. പരിശുദ്ധ കന്യകാമറിയം ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയും സ്വർഗാരോപിതയുമാണ് എന്നതാണ് ആ വിശ്വാസസത്യങ്ങൾ. ഈ നാലു സത്യങ്ങളും മാറ്റമില്ലാതെ തിരുസഭ ഇന്നും പ്രഘോഷിക്കുന്നു.
അതേസമയം, പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ചില പദങ്ങളിൽ കടന്നുകൂടിയിട്ടുള്ള ദൈവശാസ്ത്രപരമായ വ്യതിയാനങ്ങളെ തിരുത്താനാണ് പുതിയ പ്രബോധനരേഖ ലക്ഷ്യംവയ്ക്കുന്നത്. മനുഷ്യാവതാരംചെയ്ത ദൈവപുത്രനു ജന്മംകൊടുക്കുകവഴി ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം നമ്മുടെയും അമ്മയാണ്. മറിയത്തിന്റെ ആത്മീയ മാതൃത്വത്തോടു ചേർന്നുനിൽകാനുള്ള ആഹ്വാനമാണ് ഈ പ്രബോധനരേഖയുടെ ഹൃദയം.
അതോടൊപ്പംതന്നെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാവുന്ന ചില വിശേഷണങ്ങളെ വിവേകപൂർവം ഒഴിവാക്കാനും ഈ പ്രബോധനരേഖ ആവശ്യപ്പെടുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് "സഹരക്ഷക’ എന്ന വിശേഷണം ഒഴിവാക്കാനുള്ള നിർദേശമാണ്. ഇതിനെ പുതിയൊരു നിർദേശമായി വ്യാഖ്യാനിക്കുന്നതു ശരിയല്ല. തിരുസഭ ഒരിക്കലും പരിശുദ്ധ കന്യകാമറിയം സഹരക്ഷകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. മറിയത്തോടുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കാൻ ചില മരിയഭക്തർ പരിശുദ്ധ അമ്മയെ സഹരക്ഷക എന്നു വിശേഷിപ്പിച്ചിരുന്നു എന്നതു വസ്തുതയാണ്.
എന്നാൽ, ഈ വിശേഷണം ദൈവശാസ്ത്രപരമായി ചില തെറ്റിദ്ധാരണകൾക്കു കാരണമാകും എന്നതു ചൂണ്ടിക്കാണിക്കുകയാണ് പുതിയ പ്രബോധനരേഖ ചെയ്യുന്നത്. "മറിയം സഹരക്ഷകയാണ്’ എന്നു പറയുന്പോൾ മിശിഹായുടെ രക്ഷാകർമം അതിൽതന്നെ അപൂർണമാണെന്നും മറിയത്തിന്റെ സഹായം കൂടാതെ അതു സാധ്യമാവുകയില്ലായിരുന്നു എന്നും തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കിൽ ഈശോയും മറിയവും ചേർന്നാണു മനുഷ്യരക്ഷ സാധ്യമാക്കിയത് എന്നു ചിന്തിക്കാനും ഇടയായേക്കാം.
മനുഷ്യകുലത്തിന്റെ രക്ഷയിൽ ഈശോ വഹിച്ച അതുല്യമായ സ്ഥാനത്തിന്റെ മഹത്വത്തിനു ഭംഗംവരുത്താൻ ഇത്തരം തെറ്റിദ്ധാരണകൾ ഇടവരുത്തിയേക്കാമെന്നുള്ളതുകൊണ്ടാണ് ഈ പരാമർശം ഒഴിവാക്കണമെന്നു പ്രബോധനരേഖ നിർദേശിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ മറിയം വഹിച്ച നിർണായകമായ പങ്കിനെ പുതിയ പ്രബോധനരേഖ യാതൊരുവിധത്തിലും നിഷേധിക്കുന്നില്ല. മറിയം ദൈവഹിതത്തിനു തന്നെത്തന്നെ വിട്ടുകൊടുക്കുകയും ഈശോയുടെ അമ്മയാകാൻ സഹനപൂർവം സന്നദ്ധയാവുകയുംചെയ്തു. മറിയം "ദൈവികപദ്ധതിയോടു സഹകരിച്ചു’ എന്നതും "സഹരക്ഷകയാണ്’ എന്നതുംതമ്മിൽ വ്യത്യാസമുണ്ട്. വിശ്വാസംകൊണ്ടും അനുസരണംകൊണ്ടും സ്വാതന്ത്ര്യത്തോടെ ദൈവത്തിന്റെ രക്ഷാകർമത്തിൽ സഹകാരിണിയായി എന്നതാണു പരിശുദ്ധ അമ്മയുടെ മഹത്വം.
അതുപോലെതന്നെ, മറിയത്തെ "കൃപാവരത്തിന്റെ അമ്മ’ എന്നു വിശേഷിപ്പിക്കുന്പോൾ എല്ലാ കൃപകളും മറിയത്തിൽനിന്നാണ് ഉത്ഭവിക്കുന്നത് എന്നൊരു ധ്വനി അതിനുണ്ടാകാം എന്ന വസ്തുതയും പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്. "സകല കൃപകളുടെയും മധ്യസ്ഥ’ എന്ന പ്രയോഗവും പരിമിതികളുള്ളതാണ്. സകല കൃപകളുടെയും ഉറവിടം ദൈവം മാത്രമാണ്. ഏകജാതനായ മിശിഹാ എല്ലാ കൃപകളും വർഷിക്കുന്നത് അവിടന്നു സ്ഥാപിച്ച തിരുസഭയിലെ പരിശുദ്ധ കൂദാശകളിലൂടെയാണ്. ഈ വിശ്വാസരഹസ്യത്തിന്റെ സമഗ്രതയെ പരിരക്ഷിക്കാൻ "കൃപാവരത്തിന്റെ അമ്മ’ എന്ന പ്രയോഗം ഒഴിവാക്കുന്നതാണ് അഭിലഷണീയമെന്നു പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നു.
വലിയ വിവേകവും ശ്രദ്ധയും ആവശ്യമുള്ള ഒരു പ്രയോഗമാണ് "മധ്യസ്ഥയായ മാതാവ്’ എന്നത്. പരിശുദ്ധ മറിയം നമുക്കായി ദൈവസന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കുന്നു എന്നതിൽ സംശയമില്ല. നമുക്കുവേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കാൻ മാതാവിനു കഴിയും എന്നു പറയുന്നതും "അവൾ മധ്യസ്ഥയാണ്’ എന്നു വിശേഷിപ്പിക്കുന്നതും തമ്മിലുള്ള ദൈവശാസ്ത്രപരമായ വ്യത്യാസത്തെയാണ് പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നത്.
ദൈവത്തിനും മനുഷ്യനും ഇടയിൽ ഏകമധ്യസ്ഥനായി ഈശോമിശിഹാ മാത്രമാണുള്ളത്. മിശിഹായുടെ ഏക മാധ്യസ്ഥ്യത്തിനു സമാനമായി മാതാവിന്റെ മാധ്യസ്ഥ്യാപേക്ഷയെ അവതരിപ്പിക്കരുത് എന്നതാണ് തിരുസഭയുടെ ബോധ്യം. ഈശോമിശിഹാ "ഏക മധ്യസ്ഥൻ’ ആയിരിക്കുന്നത് അവിടന്ന് ഒരേസമയം പൂർണ ദൈവവും പൂർണ മനുഷ്യനുമാണ് എന്നതുകൊണ്ടാണ്. ദൈവത്തിനും മനുഷ്യനും ഇടയിൽ മധ്യസ്ഥ്യത പുലർത്തുന്ന മറ്റാരുമില്ല എന്നതാണ് "മിശിഹാ ഏക മധ്യസ്ഥൻ’ എന്നതിന്റെ അർഥം. ഈ വ്യത്യാസത്തെ വ്യക്തമായി അവതരിപ്പിക്കാതെ, "മധ്യസ്ഥ’ എന്നു മറിയത്തെ വിളിക്കുന്നതു തെറ്റിദ്ധാരണകൾക്ക് ഇടവരുത്തും. ചുരുക്കത്തിൽ, ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഈശോമിശിഹായുടെ അതുല്യമായ അനന്യശ്രേഷ്ഠതയെ (uniqueness) ഊന്നിപ്പറയുകയാണ് ഈ പ്രബോധനരേഖയുടെ ലക്ഷ്യം. പരിശുദ്ധ മറിയത്തോടുള്ള തിരുസഭയുടെ പരന്പരാഗതഭക്തിയെ പരിപോഷിപ്പിക്കുന്നതും ശരിയായ ദിശാബോധം നല്കുന്നതുമാണ് പുതിയ പ്രബോധനരേഖ.
പരിശുദ്ധ കന്യകാമറിയം തിരുസഭയിൽ ഉന്നതമായ വണക്കത്തിനു (hyperdulia) യോഗ്യയാണ്. കുരിശിന്റെ ചുവടുവരെ ഈശോയെ അനുഗമിക്കാൻതക്ക വിശ്വാസബോധ്യവും ആത്മധൈര്യവും മറിയത്തിനുണ്ടായിരുന്നു. തന്റെ മരണത്തിനു മുൻപ് കുരിശിൽവച്ച് ഈശോ വിശ്വാസികൾക്കെല്ലാം അമ്മയായി പരിശുദ്ധ മറിയത്തെ നല്കിയതാണ് (യോഹ. 19:27).
തിരുസഭയുടെ മാതാവും പ്രതീകവുമാകയാൽ പരിശുദ്ധ മറിയത്തിന്റെ ജീവിതം സഭയ്ക്കു മാതൃകയും പ്രചോദനവുമാണ്. ആത്മശരീരങ്ങളോടെ പരിശുദ്ധ കന്യകാമറിയം സ്വർഗത്തിലേക്കു സ്വീകരിക്കപ്പെട്ടെങ്കിൽ, മറിയത്തെ അനുകരിക്കുന്ന സഭമുഴുവനും അതേ സ്വർഗപ്രവേശനത്തിന് അർഹമാണ്. പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടമാക്കുന്ന ജപമാലയും നൊവേനകളും ഉത്തരീയഭക്തിയും കത്തോലിക്കാസഭയിൽ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്. രക്ഷാകരപദ്ധതിയിൽ ഈശോയും മറിയവും വഹിച്ച പങ്കിനെ നിയതമായി നിർവചിക്കുന്ന ഈ പ്രബോധനരേഖയെ ദുർവ്യാഖ്യാനം ചെയ്യുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കും തെറ്റായ പഠനങ്ങൾക്കുമെതിരേ നമ്മൾ അതീവ ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിക്കട്ടെ.
പരിശുദ്ധ അമ്മയുടെ പ്രാർഥനവഴിയായി നിങ്ങളെല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!